നോണ്‍ ക്രിമിലെയര്‍

വിദ്യാര്‍ത്ഥികളും, ഉദ്യോഗാര്‍ത്ഥികളും വളരെയേറെ ആവശ്യപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റാണ് നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്. പലപ്പോഴും നിയമം വളച്ചൊടിക്കപ്പെടുന്നതുകൊണ്ടും, അജ്ഞതകൊണ്ടും ഈ സര്‍ട്ടിഫിക്കറ്റ് പലപ്പോഴും പലര്‍ക്കും യഥാസമയം ലഭിക്കാതെ പോകുന്നുണ്ട്. ആവശ്യപ്പെടുന്നവര്‍ തന്നെ പലരേഖകളും യഥാസമയം നല്‍കാത്തതുകൊണ്ടും ഇങ്ങനെ സംഭവിക്കുന്നുണ്ട്. മാതാപിതാക്കളുടെ വില്ലേജില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളെ പോലെ ചിലപ്പോള്‍ അപേക്ഷ നല്‍കിയ ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലന്നുവരാം. അതുപോലെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരളാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണോ അതോ കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്കാണോ അപേക്ഷസമര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണെങ്കില്‍ വില്ലജ് ഓഫീസറും, കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്കാണെങ്കില്‍ തഹസില്‍ദാര്‍ക്കുമാണ് അപേക്ഷസമര്‍പ്പിക്കേണ്ടത്. മാതാപിതാക്കളുടെ സ്റ്റാറ്റസും, വരുമാനവും നോക്കിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ 35 വയസ്സിന് മുമ്പ് ക്ലാസ് 1 ഓഫീസറായിട്ടില്ല എന്നും, 35 വയസ്സിനു മുമ്പ് ക്ലാസ് 2 ഓഫീസറായിട്ടില്ല (കേന്ദ്രസര്‍വ്വീസില്‍ 40 വയസ്സ്) എന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം ഒഴിവാക്കാന്‍ കഴിയും.പിന്നോക്ക സമുദായങ്ങളിലെ സാമൂഹികമായി വളരെ ഉയര്‍ന്ന വിഭാഗങ്ങളെ സംവരണത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കിയിട്ടുള്ളത്. ആരൊക്കെയാണ് ആനുകൂല്യങ്ങളില്‍നിന്നും ഒഴിവാക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ 36012/22/93 Estt(SCT) തീയതി 8-9-93 നമ്പര്‍‌ ഉത്തരവില്‍ വ്യക്തതമാക്കിയിട്ടുണ്ട്. ഇന്ത്യാഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന ഒഴിവുകള്‍ക്കും കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന ഒഴിവുകള്‍ക്കും പ്രത്യേകം പ്രത്യേകം മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്.

ഔദ്യോഗിക പദവി കണക്കിലെടുത്ത് നോണ്‍ ക്രീമിലയര്‍ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍

 താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് യാതൊരു കാരണവശാലും വരുമാന പരിധി മാനദണ്ഡമായി എടുക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് . ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വഹിക്കുന്ന തസ്തികയുടെ ഗ്രേഡ് കണക്കാക്കിയാണ് സംവരണത്തില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്.
  (1) ഭരണഘടനാ വിഭാഗം
  (2) സേവന വിഭാഗം
             (a) ഗ്രൂപ്പ് -എ -ക്ലാസ് 1 .ഓഫീസര്‍മാര്‍ (കേന്ദ്ര സംസ്ഥാന സര്‍വ്വീസിലെ നേരിട്ടുള്ള നിയമനം)          

                       (b) ഗ്രൂപ്പ് -എ -ക്ലാസ് II .ഓഫീസര്‍മാര്‍ (കേന്ദ്ര സംസ്ഥാന സര്‍വ്വീസിലെ നേരിട്ടുള്ള നിയമനം)

             (3) പ്രതിരോധസേനയിലും പാരാമിലിട്ടറി വിഭാഗങ്ങളിലും നിശ്ചിത റാങ്കില്‍ ഉള്ളവര്‍‌ (സിവില്‍ തസ്തിക ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുള്ളതാണ്. 

കൃഷി ഭൂമി ഉടമകളുടെ കാര്യത്തില്‍ 5(എ) നിബന്ധന പ്രകാരമുള്ളവരെ (5 ഹെക്ടറില്‍ കൂടുതല്‍ കൃഷിഭുമി /തോട്ടഭൂമി ഉള്ളവര്‍) സാമൂഹ്യ സ്ഥിതിയുടെ അടിസ്ഥാനത്തില്‍ (സോഷ്യല്‍ സ്റ്റാറ്റസ്) നോണ്‍ ക്രീമിലയര്‍ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്.

 


 1. ഒഴിവാക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരെ മാത്രമേ ഒഴിവാക്കാന്‍ പാടുള്ളൂ. അര്‍ഹതയുള്ള ഒരാള്‍ക്കുപോലും ആനുകൂല്യം നഷ്ടപ്പെടാന്‍ ഇടവരരുത്.

 2. ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ സ്റ്റാറ്റസ് ആണ് പരിഗണിക്കേണ്ടത് അല്ലാതെ വരുമാനമല്ല (കാറ്റഗറി IV, V(B),V(C) ഒഴികെ)

 3. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ രൂപയുടെ അടിസ്ഥാനത്തില്‍ വരുമാനം കണക്കുകൂട്ടുമ്പോള്‍ ഉദ്യോഗസ്ഥന്‍മാരുടെ ശമ്പളത്തില്‍ നിന്നോ കൃഷിക്കാരന്റെ കൃഷി ഭൂമിയില്‍ നിന്നോ ഉള്ള വരുമാനം ( പ്ലാന്റേഷന്‍ ആക്ടില്‍ പറയുന്ന തോട്ടത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന കാപ്പി, റബ്ഭര്‍, തേയില തോട്ടങ്ങള്‍ ഒഴികെ ) കണക്കാക്കാന്‍ പാടില്ല. മാനദണ്ഡങ്ങള്‍ നിശ്ചയിച്ച മാര്‍ഗ്ഗരേഖകളിലും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 17-12-94 ലെ 5036/Adv .C3/S4/P&ARD സര്‍ക്കുലറില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

 4. ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ ജോലിയില്‍ പ്രവേശിച്ച പദവിയും കൃഷിക്കാരാണെങ്കില്‍ കൃഷിഭൂമിയുടെ അളവും ( പ്ലാന്റേഷന്‍ ആക്ടില്‍ പറയുന്ന തോട്ടത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന കാപ്പി, റബ്ഭര്‍, തേയില തോട്ടങ്ങള്‍ ഒഴികെ ) മാത്രമാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങലുടെ അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ടതാണ്.

 5. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ കാര്യത്തില്‍ 40 വയസ്സിന് മുമ്പ് ക്ലാസ് 1 തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിച്ചവരുടെയും (മാതാപിതാക്കളില്‍ ആരെങ്കിലും ) അല്ലെങ്കില്‍ ക്ലാസ് 2 തസ്തികയിലേക്ക് 40 വയസ്സിനു മുമ്പ് അച്ഛനും അമ്മയ്ക്കും (രണ്ടുപേര്‍ക്കും) നേരിട്ട് നിയമനം ലഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ മക്കള്‍ക്കും ആനുകൂല്യം ഉണ്ടായിരിക്കുന്നതല്ല. സ്റ്റേറ്റ് സര്‍വ്വീസ് ആണെങ്കില്‍ ഇത് 35 വയസ്സിന് മുമ്പായിരിക്കണം. ഇത് പ്രമോഷന്‍വഴി ആയാലും (35 വയസ്സിന് മുമ്പ് ആണെങ്കില്‍) അവരുടെ മക്കള്‍ക്കും ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

 6. വരുമാനം /ധനസ്ഥിതി കണക്കാക്കുമ്പോള്‍ പ്രതിവര്‍ഷം 8   ലക്ഷം രൂപയോ അതില്‍ കൂടുതലോ(new) മൊത്തവരുമാനം ഉള്ളവരുടെയും wealth Tax നിയമത്തില്‍ പറഞ്ഞിട്ടുള്ള ഇളവിന്റെ പരിധിയില്‍ കൂടുതല്‍ തുടര്‍ച്ചയായി 3 വര്‍ഷക്കാലം സ്വത്ത് ഉണ്ടായിരിക്കുന്നവരുടെയും മക്കളുടെ കാര്യത്തില്‍ സംവരണാനുകൂല്യം ലഭിക്കുന്നതല്ല. (കേന്ദ്ര ഉത്തരവ് ഖണ്ഡിക VI(a) കാണുക)

 7. (1) കേരള ഗവണ്‍മെന്റിന്റെ 7-2-96 ലെ 1786/C3/ഉ.ഭ.വ.പ നമ്പര്‍ ഉത്തരവിന്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പളവരുമാനം യാതൊരു കാരണവശാലും പരിഗണിക്കാന്‍ പാടുള്ളതല്ല. അവര്‍ ഏതുക്സാസില്‍ പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്രീമിലയര്‍ നിശ്ചയിക്കുന്നത്. അല്ലാതെ വരുമാനം നോക്കിയല്ല.

  (2) ശമ്പള വരുമാനവും മറ്റ് വരുമാനവും കൂട്ടി ചേര്‍ക്കരുത്.

 

      ഹാജരാക്കേണ്ട രേഖകള്‍
   
  1) അപേക്ഷ
   2) റിപ്പോര്‍ട്ട് ഫോറം
    3) സര്‍ട്ടിഫിക്കറ്റ് ഫോറം (സംസ്ഥനം) (New)
   4) സര്‍ട്ടിഫിക്കറ്റ് (കേന്ദ്രം) New
  റേഷന്‍ കാര്‍ഡ്,  സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്,  നികുതി രശീതി,  പ്രമാണങ്ങള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന മറ്റ് രേഖകള്‍
  Govt orders
  Class I officers Government order
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ncbc.nic.in സന്ദര്‍ശിക്കാവുന്നതാണ്.