ഇലക്ഷന്‍
ഇലക്ഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഏറ്റവുമധികം സംശയങ്ങള്‍ ഉണ്ടാകുന്നത് ID കാര്‍ഡ് സംബന്ധിച്ചിട്ടുള്ളതാണ്.
ഓരോ വര്‍ഷവും ജനുവരി 1ന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഏതൊരു ഇന്‍ഡ്യന്‍ പൗരനും അയാള്‍ സാധാരണ താമസിക്കുന്ന സ്ഥലത്തെ നിയമസഭാ മണ്ഡലത്തിന്റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ട്. (എന്നാല്‍ സ്ഥിര ബുദ്ധിയില്ലാത്തവരായി അധികാരപ്പെട്ട കോടതികള്‍ പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കും തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ക്കോ അഴിമതിക്കോ അയോഗ്യത കല്‍പിച്ചിട്ടുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയില്ല.
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ (Summary Revision of Rolls)
ഓരോ വര്‍ഷവും ജനുവരി 1 നോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്കന്നതിനാണ് വര്‍ഷം തോറും സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടത്തുന്നത്. ജനുവരി 1ന് ശേഷം 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരുടെ പേരുകള്‍ ആവര്‍ഷത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയില്ല. താമസസ്ഥലം മാറിയതുമൂലം ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് മറ്റൊന്നിലേക്കോ ഒരേ മണ്ഡലത്തില്‍ ഒരു ബൂത്തിന്റെ പരിധിയില്‍ നിന്ന് മറ്റൊരു ബൂത്തിന്റെ പരിധിയിലേക്കോ താമസം മാറിയവര്‍ക്കും പുതിയസ്ഥലത്തെ വേട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ഉണ്ടായിരിക്കും. മരണപ്പെട്ടു പോയവരുടെയും, സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യുന്നതിനും പട്ടികയില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും അനര്‍ഹരായവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കാണിച്ച് ആക്ഷേപം ഉന്നയിക്കുന്നതിനും ഈ സമയത്തും അവസരം ഉണ്ടായിരിക്കും. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സാധാരണഗതിയില്‍ ഒരോവര്‍ഷവും സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിച്ച് തൊട്ടടുത്ത വര്‍ഷം ജനുവരി മാസം ഏതെങ്കിലും നിര്‍ദ്ധിഷ്ട തീയ്യതിയില്‍ പുതുക്കിയ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
അപേക്ഷ ഓണ്‍ലൈന്‍വഴിയാണ് നല്‍കേണ്ടത്. Www.ceo.keral.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാ കോളങ്ങളും പ്രത്യേകിച്ച് അത്യന്താപേക്ഷിതങ്ങളായവ (ചുവന്ന നക്ഷത്ര ചിഹ്നമിട്ടുള്ളവ) കൃത്യമായി പൂരിപ്പിക്കുക. പുതുതായി പേര് ചേര്‍ക്കുന്നവര്‍ അവരുടെ അച്ഛന്റെയോ, അമ്മയുടെയോ,സഹോദരങ്ങളുടെയോ, ഭര്‍ത്താവിന്റെയോ,അല്ലെങ്കില്‍ അടുത്തുള്ള അയല്‍വാസിയുടെയോ തെരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ദ്ധിഷ്ട കോളത്തില്‍ കൃത്യമായി ചേര്‍ക്കണം.
ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെടുകയും എന്നാല്‍ പട്ടികയില്‍ പേരുള്ളവരും പുതുതായി അപേക്ഷ സമര്‍പ്പിക്കരുത്. നഷ്ടപ്പെട്ട കാര്‍ഡിനുപകരം ഡ്യൂപ്ലികേറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്. വിദേശത്തുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 6A യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ടിയാളുകള്‍ക്ക് ID Card ലഭിക്കുന്നതല്ല. പാസ്പോര്‍ട്ട് ഏത് മേല്‍വിലാസത്തിലാണോ അതേ മേല്‍വിലാസത്തില്‍ മാത്രമേ കാര്‍ഡ് ലഭിക്കുകയുള്ളൂ. ടി മേല്‍വിലാസത്തിലുള്ള മണ്ഡലത്തിലെ പട്ടികയിലായിരിക്കും പേര് ഉള്‍പ്പെടുത്തുക. കാര്‍ഡ് തിരുത്തുന്നതിനും ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.