നദികളില്‍ നിന്നും മണല്‍ വാരുന്നതിനുള്ള അനുവാദവും മാനദണ്ഡങ്ങളും

പൊതു വ്യവസ്ഥകള്‍

  1.   മണല്‍ വാരല്‍ പ്രവര്‍ത്തനം നടപ്പില്‍ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അവര്‍ക്ക് ജിയോളജി വകുപ്പില്‍നിന്നും ജില്ലാ വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിന്‍മേല്‍ വിതരണം ചെയ്യേണ്ടതായ പാസ്സുകള്‍, റോയല്‍റ്റി നല്‍കുന്നതിന് ബാധകമായ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച് റോയല്‍റ്റി നല്‍കി ഒരുമാസ കാലയളവിന് മുന്‍കൂറായി നേടേണ്ടതാണ്.  റിവര്‍മാനേജ്മെന്റിലേക്കുള്ള വിഹിതവും ഒടുക്കേണ്ടതുണ്ട്.  പാലങ്ങള്‍, അണക്കെട്ടുകള്‍ മുതലായ നിര്‍മ്മിതികളുടെ ഇരുഭാഗത്തും 500 മീറ്റര്‍ കഴിഞ്ഞുള്ള ഭാഗത്തു നിന്നു മാത്രമേ മണല്‍ നീക്കാന്‍ പാടുള്ളൂ
  2. നദിയുടെ അടിത്തട്ടില്‍ നിന്നുമാത്രം മണല്‍വാരാന്‍ അനുവദിക്കേണ്ടതും, നദീതീരത്തിന്റെ 10 മീറ്ററിനുള്ളില്‍ യാതൊരുമണല്‍വാരല്‍ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്തതുമാണ്.  രാവിലെ 6 മണിക്കും വൈകുന്നേരം3 മണിക്കും ഇടയ്ക്കുള്ള സമയത്ത് മാത്രം മണല്‍ വാരാന്‍ അനുവദിക്കുകയുള്ളൂ.
  3. യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് മണല്‍വാരാന്‍ പാടുള്ളതല്ല. 
  4. ഉപ്പുവെള്ളം കയറാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ മണല്‍ വാരാന്‍ പാടുള്ളതല്ല.
  5.  ഉപരിതലത്തില്‍ മണല്‍ കുറവുള്ള ഭാഗത്തുവിന്നും മണല്‍ വാരാന്‍പാടില്ല. 
  6. മണല്‍ കയറ്റുന്നതിനുള്ള വാഹനം നദീതീരത്തുനിന്നും ഏറ്റവും കുറഞ്ഞത് 25 മീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതും മണല്‍ കയറ്റുന്നതിന്  യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്തതുമാണ്. 
  7. സര്‍ക്കാര്‍ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് മുഖേന മണല്‍ വാരല്‍ സ്പഷ്ടമായി നിരോധിച്ചിട്ടുള്ള ഏതെങ്കിലും നദിയിലോ നദീതീരത്തോ മണല്‍ വാരല്‍ നടത്താന്‍ പാടില്ലാത്തതാണ്. 
  8. കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റുളില്‍ വ്യവസ്ഥ ചെയ്യുന്ന 'പി ' ഫാറത്തില്‍ വേണം പാസുകള്‍ നല്‍കേണ്ടത്. 
  9. പാസ്സുകളില്‍ മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും ഉണ്ടായിരിക്കേണ്ടതാണ്.  ഇതില്‍ ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാപനത്തിന്റെ സെക്രട്ടറി മേലൊപ്പ് വയ്ക്കേണ്ടതാണ്. 
  10. ഒരു ജില്ലയ്ക്ക് പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്നതിന് കളക്ടര്‍ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പെര്‍മിറ്റ് കൂടി ആവശ്യമാണ്. 10 രൂപ ഫീസ് ഈടാക്കേണ്ടതാണ്. 
  11. പെര്‍മിറ്റ് ഇല്ലാതെ ജില്ലയില്‍ പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാവുന്നതാണ്.   വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍      

        ഈ ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പാലിക്കാതെ മണല്‍കടത്തി കൊണ്ടുപോകുവാന്‍ ഉപയോഗിച്ച വാഹനം പോലീസോ റവന്യു ഉദ്യോഗസ്ഥന്‍മാരോ പിടിച്ചെടുക്കേണ്ടതാണ്.

ഒരു വാഹനം പിടിച്ചെടുക്കുമ്പോള്‍ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒരു മഹസ്സര്‍ തയ്യാറാക്കേണ്ടതും അതിന്റെ ഒരുപകര്‍പ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആള്‍ക്കും ഒരു പകര്‍പ്പ്  ജില്ലാകലക്ടര്‍ക്കും നല്‍കേണ്ടതാണ്. വാഹനം പിടിച്ചെടുത്തതിന് ശേഷം 7 ദിവസത്തിനുള്ളില്‍ വാഹനത്തിന് ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന തുകക്ക് തുല്യമായ തുകയും പിഴയും അതന്റെ  ഉടമസ്ഥനോ കൈവശക്കാരനോ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ അടക്കുന്ന പക്ഷം പിടിച്ചെടുത്ത വാഹനം തിരികെ നല്‍കാവന്നതാണ് .

  പിടിച്ചെടുത്ത വാഹനത്തിന് 7 ദിവസത്തിനുള്ളല്‍ തുകയും പിഴയും നല്‍കാതിരുന്നാല്‍ ജില്ലാകലക്ടര്‍ക്ക് വാഹനം ലേലം ചെയ്തു വില്‍ക്കാവുന്നതാണ്.  ഇപ്രകാരം ലേലം ചെയ്തു കിട്ടുന്ന തുകയില്‍ നിന്ന് ലേലച്ചെലവ് കഴിഞ്ഞതിനു ശേഷമുള്ള തുക റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ വകകൊള്ളിക്കേണ്ടതാണ്.  

അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട് കസ്റ്റഡിയിലെടുക്കുന്ന വാഹനത്തെ സംബന്ധിച്ച് തയ്യാറാക്കേണ്ട മഹസ്സിന്റെ മാതൃക