ഭൂമി വിട്ടൊഴിയല്‍
കേരള ഭൂമി വിട്ടൊഴിയല്‍ ആക്ട് (കേരള ലാന്റ് റിലിങ്കിഷ് മെന്റ് ആക്ട്) പ്രകാരം ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയാവുന്നതാണ്. ഭൂമി വിട്ടൊഴിയുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കാണ്.
ഭൂമി വിട്ടൊഴിയുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ :- വിട്ടൊഴിയുന്ന ഭൂമി അപേക്ഷകന്‍ സ്വന്തമായി ക്രയവിക്രയ സ്വാതന്ത്രമുള്ള, കൈവശത്തിലുള്ള ഭൂമിയായിരിക്കണം. അപേക്ഷയുടെ 3 കോപ്പി സമര്‍പ്പിക്കണം. ഗതാഗത യോഗ്യമായ ഭൂമിയായിരിക്കണം. ടി ഭൂമിയില്‍ യാതൊരു വിധ ബാധ്യതകളും ഉണ്ടാകാന്‍ പാടില്ല. വിട്ടൊഴിയുന്ന ഭൂമിയുടെ പ്രമാണത്തിന്റെ പകര്‍പ്പ്.
ഇപ്രകാരം ലഭിക്കുന്ന അപേക്ഷ റിപ്പോര്‍ട്ടിനുവേണ്ടി തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷയില്‍ വിശദമായ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തയ്യാറാക്കേണ്ടതാണ്. ചുവടെ വിവരിക്കുന്ന പ്രശ്നാവലിക്ക് വ്യക്തമായ ഉത്തരങ്ങള്‍ അടങ്ങിയിരിക്കണം.
1) അപേക്ഷകന്‍ അപേക്ഷയില്‍ വിവരിച്ചിട്ടുള്ള ഭൂമി വിട്ടൊഴിഞ്ഞ് തരാന്‍ അധികാരപ്പെട്ടവനാണോ?.
2) അപേക്ഷകന് ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഏന്തെങ്കിലും ന്യൂനതകള്‍ ഉണ്ടോ?
3) വിട്ടൊഴിയാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഏതെങ്കിലും കരകുടിശ്ശികയ്കക്കോ മറ്റ് ബാധ്യതകള്‍ക്കോ വിധേയമാണോ?.
4) ഭൂമി ഗതാഗതയോഗ്യമാണോ?
5) ഭൂമി അപേക്ഷകന്റെ കൈവശാവകാശത്തിലാണോ ?
6) അപേക്ഷകന്‍ ഭൂമി വിട്ടോഴിയാന്‍ ഉദ്ദേശിക്കുന്നത് നിരുപാധികമായിട്ടാണോ
7) അപേക്ഷകന്റെ ഏതെങ്കിലും പ്രവര്‍ത്തിമൂലം ഭൂമി കൃഷിക്ക് ഉപയുക്തമല്ലാതായി തീര്‍ന്നിട്ടുണ്ടോ ?
അന്വേഷണ റിപ്പോര്‍ട്ടിന് പുറമെ വില്ലേജ് ഓഫീസര്‍ ഭൂമിയുടെ ഒരു സ്കെച്ചും , ഭൂമിയുടെ ഉദ്ദേശവില, അതിലെ ദേഹണ്ഡങ്ങള്‍, അതിരുകള്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ ഒരു മഹസ്സറും തയ്യാറാക്കേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കുന്ന മഹസ്സറില്‍ അപേക്ഷകന്റെയോ, അപേക്ഷകന്‍ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിയുടെയോ ഒരു പ്രഖ്യാപനം (ഡിക്ലറേഷന്‍) വാങ്ങി , വില്ലേജ് ഓഫീസറും മാന്യരായ 2 വ്യക്തികളും സാക്ഷ്യപ്പെടുത്തേണ്ടതാകുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്ന റിക്കാര്‍ഡുകളോടു കൂടി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
1) അന്വേഷണ റിപ്പോര്‍ട്ട് 2) സ്കെച്ച് 3) മഹസ്സര്‍ 4) ഭൂനികുതി രജിസ്റ്റരിന്റെ എക്സ്ട്രാക്ട്. 5) തണ്ടപ്പേര്‍ അകൗണ്ടിന്റെ പകര്‍പ്പ്.
തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ ആക്ടിലെ 4 ം വകുപ്പനുസരിച്ച് അപേക്ഷ സ്വീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യേണ്ടതാണ്. സ്വീകരിച്ച് ഉത്തരവായാല്‍ തഹസില്‍ദാര്‍ സര്‍ക്കാരിനു വേണ്ടി ഭൂമി കൈവശപ്പെടുത്തേണ്ടത്തേണ്ടതും താലൂക്കിലേയും വില്ലേജിലേയും ബന്ധപ്പെട്ട റവന്യു റിക്കാര്‍ഡുകളില്‍ സബ്ഡിവിഷന്‍ നടത്തി ആവശ്യമുള്ള ഭേദഗതി വരുത്തി വിട്ടൊഴിഞ്ഞ ഭൂമിയുടെ അടിസ്ഥാന നികുതി കുറവ് ചെയ്യാന്‍ നടപടികളെടുക്കേണ്ടതുമാണ്.