ജാതി

മറ്റ് പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. തെളിവിനായി ജാതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്, സ്ക്കൂള്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , റേഷന്‍കാര്‍ഡ്, പരിവര്‍ത്തനം നടത്തിയവരാണെങ്കില്‍ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കില്‍ തെളിവിനായി ഹാജരാക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക അന്വേഷണം നടത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സ്വദേശം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അല്ല എന്നുണ്ടെങ്കില്‍ അവര്‍ ജനിച്ചു വളര്‍ന്ന താലൂക്കില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതാണ്.

പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം തഹസില്‍ദാര്‍ക്കാണ്. അപേക്ഷയില്‍ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിക്കേണ്ടതില്ല. അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതം തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ജാതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഗസറ്റ് പരസ്യങ്ങള്‍ തുടങ്ങിയവ ആധാരമാക്കി നടത്തുന്ന അന്വേഷണത്തിന്റെ വെളിച്ചത്തിലായിരിക്കും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക വരുമാന പരിധി ഇക്കാര്യത്തില്‍ ബാധകമല്ല. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സ്വദേശം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അല്ല എന്നുണ്ടെങ്കില്‍ അവര്‍ ജനിച്ചു വളര്‍ന്ന താലൂക്കില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതാണ്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങളോടെ പഠനം നടത്തേണ്ട വിദ്യാര്‍ത്ഥി ഒന്നാം ക്ലാസ്സില്‍ ചേരുന്ന സമയത്ത് തന്നെ തഹസില്‍ദാരുടെ റാങ്കില്‍ കുറയാത്ത റവന്യു വകുപ്പ് അധികൃതര്‍ പ്രസ്തുത ആവശ്യത്തിനായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ അനുവദിച്ചു നല്‍കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റ് സ്ക്കുളില്‍ ഹാജരാക്കേണ്ടതാണ്.  സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുനല്‍കേണ്ട ഓരോഘട്ടത്തിലും ബന്ധപ്പെട്ട റവന്യു അധികൃതര്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള നടപടികള്‍ നടത്തി ജാതി സ്ഥിതി ബോദ്ധ്യപ്പെട്ട ശേഷം മാത്രം അപേക്ഷകളില്‍ തീരുമാനം എടുക്കേണ്ടതാണ്. 

മറ്റു മതവിഭാഗക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിലേക്ക് വില്ലേജ് ഓഫീസറും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുവേണ്ടി തഹസില്‍ദാരും നല്‍കുന്നു 

ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള സാമ്ന്യ നിര്‍ദ്ദേശങ്ങള്‍

  1. ഒരാള്‍ ജന്മനാ പട്ടികജാതിയോ, പട്ടികവര്‍ഗ്ഗമോ ആണന്ന് അവകാശപ്പെട്ടാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതാണ്.

  • അയാളും അയാളുടെ അച്ഛനമ്മമാരും യഥാര്‍ത്ഥത്തില്‍ അയാള്‍ അവകാശപ്പെടുന്ന ജാതിക്കാരനാണോ

  • ബന്ധപ്പെട്ട സംസ്ഥാനത്തിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാരുടെ പട്ടികയില്‍ അവരുടെ ജാതി ഉള്‍പ്പടുത്തിയിട്ടുണ്ടോ

  • പ്രസ്തുത ജാതി ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രത്യേക പ്രദേശത്തിലും സംസ്ഥാനത്തിലും അയാള്‍ ഉള്‍പ്പെടുമോ

  • ഒരു വ്യക്തി പട്ടികജാതിക്കാരനാണന്ന് അവകാശപ്പെട്ടാല്‍ അയാള്‍ ഹിന്ദുമതമോ, സിക്ക് മതമോ ഏതെങ്കിലുമാണെന്ന് പറയാന്‍ കഴിയുമോ

  • പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാരനാണെന്ന് അപകാശപ്പെട്ടാല്‍ അയാള്‍ ഏതെങ്കിലും മതക്കാരനാണന്ന് വ്യക്തമാക്കാന്‍ കഴിയണം

2 കുടിയേറ്റക്കാര്യത്തില്‍
  • ഒരു സംസ്ഥാനത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജാതിയില്‍ പെട്ട ഒരാള്‍ ആ സംസ്ഥാനത്തിലെ മറ്റൊരു ഭാഗത്തേക്ക് കുടിയേറിയാല്‍ ആഭാഗത്തെ ജാതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അയാള്‍ ആ സംസ്ഥാനത്തിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നതായി കണക്കാക്കണം.

  • ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയ ആള്‍ പൂര്‍വ്വികമായി ഏതുസംസ്ഥാനത്തെ പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍ പ്പെടുന്ന ആളാണോ അതായിത്തന്നെ കണക്കാക്കാവുന്നതാണ്.

  • ജി.ഓ എം എസ്  18/83/HWD 19.7.83 പ്രകാരം അന്യ സംസ്ഥാനത്തുനിന്നും കുടിയേറിയ പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബി.സി. 16014/82 എസ്.സി & ബി.സി.ഡി-1, തീയ്യതി 18-10-82 പ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത ഫോറത്തില്‍ മറ്റ് അന്വേഷണം ആവശ്യമില്ലാത്തപക്ഷം ടിയാളുടെ മാതാപിതാക്കള്‍ക്ക് അവരുടെ ജന്‍മ സ്ഥലത്തെ അധികാരികള്‍ അനുവദിച്ച ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാവുന്നതാണ്.
  3.  വിവാഹബന്ധം മൂലം ഉണ്ടാകുന്ന അവകാശങ്ങള്‍
  • പട്ടികജാതി യിലോ പട്ടികവര്‍ഗ്ഗത്തിലോ ജന്‍മംകൊണ്ട് ഉള്‍പ്പെടാത്ത ഒരാള്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തതുകൊണ്ട് പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതല്ല.

  • അതുപോലെ പട്ടികജാതി യിലോ / പട്ടികവര്‍ഗ്ഗത്തിലോ ഉള്‍പ്പെട്ട ആള്‍, അതില്‍പെടാത്ത ഏതെങ്കിലും ജാതിയില്‍ നിന്നും വിവാഹം കഴിച്ചതിനു ശേഷവും പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍ പെടുന്ന ആളായിത്തന്നെ തുടരും

4. മിശ്രവിവാഹ ദമ്പതികളില്‍ ജനിച്ച കുട്ടികള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റ്

  • മിശ്രവിവാഹ ദമ്പതികളില്‍ ഓരാള്‍ പട്ടികജാതി യിലോ , പട്ടികവര്‍ഗ്ഗത്തിലോ ഉള്‍പ്പെടുന്നതായാല്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അവര്‍ ഉള്‍പ്പെടുന്നു എന്ന് അവകാശപ്പെടുന്ന സമുദായത്തന്റെ സാമുദായികവും സാമ്പത്തികമായും പിന്നോക്കാവസ്ഥ അവര്‍ക്കുണ്ടോഎന്നും പ്രസ്തുത സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടോഎന്നും ആധികാരികമായി ബോധ്യപ്പെട്ട് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്

  • മിശ്രവിവാഹിതരില്‍ ഒരാള്‍ പിന്നോക്ക സമുദായമാണെങ്കില്‍ അവരുടെ കുട്ടികള്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്ക് നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. വിവാഹമോചനം നേടിയ മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കും മുകളില്‍ പ്രസ്താവിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്

  • GO (MS) 808/78/DD dated 24-7-79 ഉത്തരവ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളും വിവാഹമോചനം നടത്തിയ മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളും വിവരിക്കുന്നു.

  • മിശ്രവിവാഹിതരില്‍ ഒരാള്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗമാണെങ്കില്‍ വിദ്യാഭ്യാസാവശ്യത്തിനുമാത്രമായി അവരുടെ മക്കള്‍ക്ക് പട്ടികജാതി / പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാവുന്നതാണ്.

5.മതപരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍

  • മതപരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാരെ  അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റീസിന്റെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും (നം. 53/87   പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തീയ്യതി 23.10.87)
  • ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ പട്ടിക വര്‍ഗ്ഗ ത്തില്‍ പെട്ട മലഅരയ സമുദായത്തില്‍ പ്പെട്ടവര്‍ക്ക്   ജി.ഒ എംഎസ്  53/87 എച്ച് ഡബ്ലിയു ഡി. തീയ്യതി 4.8.84  പ്രകാരം നിര്‍ദ്ദിഷ്ട ഫോറത്തില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതാണ്.

6  .മെഡിക്കല്‍ വിദ്യാഭ്യാസം / ജാതി സര്‍ട്ടിഫികറ്റ്

  •  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സില്‍ അപേക്ഷിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ക്കാര്‍ ജാതി തെളിയിക്കുന്നതിന് നിശ്ചിത ഫോറത്തില്‍ തഹസില്‍ദാരില്‍ കുറയാത്ത റവന്യു ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

7 .  മതപരിവര്‍ത്തനം നടത്തുന്നവര്‍

  1. പട്ടികജാതിയില്‍ പെട്ട ഒരാള്‍ക്ക് ഹിന്ദു/സിക്ക് മതങ്ങള്‍ ഒഴികെ ഏതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും  തിരികെ ഹിന്ദുമതത്തിലേക്കോ സിക്ക് മതത്തിലേക്കോ പുനര്‍പരിവര്‍ത്തനം നടത്തുകയും ചെയ്താല്‍ ആ പ്രത്യേക ജാതിയിലെ അംഗങ്ങള്‍ അയാളെ അവരിലൊരാളായി അംഗീകരിക്കുകയും ചെയ്താല്‍ അയാള്‍ തന്റെ പൂര്‍വ്വജാതിയിലേക്ക് തന്നെ തിരികെ വന്നതായി കണക്കാക്കാവുന്നതാണ്.
  2. പട്ടികജാതിയില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരുടെ പിന്‍ഗാമിക്ക് അയാളുടെ പൂര്‍വ്വികര്‍ ഉള്‍പ്പെട്ട പട്ടികജാതിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് അയാളുടെ പരിവര്‍ത്തനത്തിനോടൊപ്പം അയാളുടെ ജാതിക്കാര്‍ അവരിലൊരാളായി അയാളെ അംഗീകരിക്കുകയും അപ്രകാരം ആജാതിയിലെ ഒരു അംഗമായി തീരേണ്ടതുമാണ്
  3. ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ താഴെ പറയുന്ന റിക്കാര്‍ഡുകള്‍ ഹാജരാക്കേണ്ടതാണ്.
  • ശുദ്ധി സര്‍ട്ടിഫിക്കറ്റ് ( സര്‍ക്കാര്‍ അംഗീകൃത സംഘടനകളില്‍നിന്നും)
  1. അഖില ഭാരത അയ്യപ്പസേവാ സംഘം
  2. ആള്‍ ഇന്ത്യ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍ ( ആര്യസമാജം, കേരളാ ബ്രാഞ്ച് , തിരുവനന്തപുരം)
  3. കേരളാ ഹിന്ദുമിഷന്‍ തിരുവനന്തപുരം
  4. ശ്രീ. രാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി, ശ്രീ നീലകണ്ഠപുരം , തിരുവനന്തപുരം
  5. കാലിക്കറ്റ് ആര്യ സമാജ്, ആര്യസമാജ് മന്ദിര്‍, പുതിയറ കാലിക്കറ്റ്  പി.ഒ
  • ശുദ്ധികര്‍മ്മത്തില്‍ സംബന്ധിച്ച  ആളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും
  • അപേക്ഷകന്‍ മതപരിവര്‍ത്തനം നടത്തിയതിനുള്ള ഗസറ്റ് വിജ്ഞാപനം
  • മതപരിവര്‍ത്തനത്തിന് ശേഷം ഹിന്ദുവായിട്ടാണ് ജീവിക്കുന്നതെന്ന് മതപരിവര്‍ത്തനം നടത്തിയ  ആളിന്റെ ദേശത്തുളള അതേ സമുദായത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികളില്‍ നിന്നുമുള്ള സാക്ഷ്യപത്രം. മേല്‍പറഞ്ഞവിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചതിനു ശേഷംമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ.
8 .  ജന്‍മം കൊണ്ട് ഹിന്ദുവോ സിക്കോ അല്ലാതെപരിവര്‍ത്തനം കൊണ്ട് ഹിന്ദുവോ സിക്കോ ആയി തീര്‍ന്നതിനാല്‍ സൗജന്യങ്ങള്‍ക്ക് അര്‍ഹതയുള്ള പട്ടികജാതിയിലെ ഒരംഗമായിത്തീര്‍ന്നതായി അവകാശപ്പെടുന്നവരെ സംബന്ധിച്ച് ഇന്ത്യാഗവര്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകള്‍ അനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ബോധ്യയപ്പെടേണ്ടതാണ്.
  • പ്രസ്തുത വ്യക്തികളുടെ മുന്‍ഗാമികള്‍ നിലവില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കണം
  • ഹിന്ദുവായോ സിക്കായോ പരിവര്‍ത്തനം ചെയ്യുമ്പോള്‍  അയാളെ പട്ടികജാതിയിലെ ഒരംഗമായി സ്വീകരിക്കപ്പെട്ടിരിക്കണം.

9 . ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  •  മറ്റൊരു സംസ്ഥാനത്തുനിന്നും കുടിയേറിയ ഒരാളെയോ അയാളുടെ മക്കളേയോ ചെറുമക്കളെയോ (പേരക്കുട്ടികള്‍) ഈ സംസ്ഥാനത്തെ പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാരനായി കണക്കാക്കാന്‍ പാടുള്ളതല്ല.
  • ഒരു ജില്ലണ റവന്യു അധികൃതര്‍ മറ്റൊരു ജില്ലയിലെ ആളുകള്‍ക്കോ ഒരു സംസ്ഥാനത്തെ അധികാരികള്‍ മറ്റൊരു സംസ്ഥാനത്തിലേയോ കേന്ദ്ര ഭരണ പ്രദേശത്തിലെ ആളുകള്‍ക്കോ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ അധികാരപ്പെട്ടവരല്ല.
  • എം.പി മാര്‍, എം.എല്‍.എ മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ  അടിസ്ഥാനപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള റവന്യു ഉദ്യോഗസ്ഥര്‍ ശരിയായ പരിശോധനയും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ വാസ്തവികയും ബോധ്യപ്പെട്ടതിനു ശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പാടുള്ളൂ.
  • ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികവര്‍ഗ്ഗക്കാരെ പട്ടികവര്‍ഗ്ഗക്കാരായി പരിഗണിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.
  • അപേക്ഷകന്‍ പട്ടികജാതിയില്‍പ്പെടുന്ന ആളാണെന്ന് പ്രത്യേകം കാണിക്കാതെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചിലര്‍ നല്‍കുന്നതായി കാണുന്നു.  അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ മേലില്‍ സാധുവായ ജാതി സര്‍ട്ടിഫിക്കറ്റുകളായി സ്വീകരിക്കപ്പെടുകയില്ല. (GO(MS) 87/79/DD dated 18-6-79, GO(MS) 6/80/DD dt 30-1-80 ഉത്തരവുകള്‍ക്ക് ഗവര്‍മ്മെന്‍റ് നല്‍കിയ വിശദീകരണം.)
10 . പട്ടികജാതി /പട്ടികവര്‍ഗ്ഗം/ മറ്റു പിന്നോക്ക ജാതി എന്നിവയിലേക്ക് ഒ.ബി.സി യിലേയോ മുന്നോക്ക ജാതിയിലേയോ പെട്ട ഒരു ജാതി മാറ്റിച്ചേര്‍ക്കാനോ ഒരു പട്ടികജാതിയിലെ ഒരു ജാതിപ്പേര് പട്ടിക വര്‍ഗ്ഗത്തിലെയോ മറിച്ചോ, മാറ്റിച്ചേര്‍ക്കാനോ ഉദ്ദേശിച്ചിട്ടുള്ള ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ചാല്‍ - ഇവ സംബന്ധിച്ച നടപടി ക്രമങ്ങള്‍ 

                   ബന്ധപ്പെട്ട തഹസില്‍ദാര്‍ (അഥവാ അതിലും ഉയര്‍ന്ന ഓഫീസര്‍ ) അവരുടെ അന്വേഷണ റിപ്പോര്‍ട്ടോടുകൂടി അത്തരം അപേക്ഷകള്‍ പട്ടികജാതിക്കാരുടെ പ്രശ്നങ്ങളാണെങ്കില്‍ ഹരിജന ക്ഷേമ ഡയരക്ടര്‍ക്കും പട്ടിക വര്‍ഗ്ഗക്കാരുടെതാണെങ്കില്‍ ഗിരിവര്‍ഗ്ഗ ക്ഷേമ ഡയരക്ടര്‍ക്കും അയക്കേണ്ടതാണ്.  ബന്ധപ്പെട്ട ഡയരക്ടര്‍ നരശാസ്ത്ര സംബന്ധമായ അന്വേഷണങ്ങള്‍ നടത്തുന്ന കോഴിക്കോട് ഗിരിവര്‍ഗ്ഗ റിസേര്‍ച്ച് ആന്‍റ് ട്രയിനിംഗ് കേന്ദ്രത്തിലെ സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങുന്നതും മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, അപേക്ഷകന്റെ യഥാര്‍ത്ഥ ജാതി ഏതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഡയരക്ടര്‍ തന്റെ അഭിപ്രായം തഹസില്‍ദാരെ (അഥവാ അതിലും ഉയര്‍ന്ന ഉദ്യോഗസ്ഥനെ ) അറിയിക്കുന്നതുമാണ്.  തഹസില്‍ദാണനുള്ള നടപടികള്‍ നടത്തുകയും അപേക്ഷകനെ വിവരം അറിയിക്കുകയും ചെയ്യും. 

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന അധികാരികള്‍ പള്ളിയില്‍ നിന്നോ മറ്റു ലഭ്യമായ രേഖകളില്‍ നിന്നോ ലഭിച്ച താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ജാതി സര്‍ട്ടിഫിക്കറ്റുകളില്‍ കാണിച്ചിരിക്കണം.  
  1.  പരിവര്‍ത്തനം ചെയ്യപ്പെട്ട ആളിന്റെ പരിവര്‍ത്തനത്തിന്റെ തീയ്യതി, മാസം, വര്‍ഷം
  2. പിന്‍തലമുറക്കാരുടെ കാര്യത്തില്‍ അപേക്ഷകന്റെ രക്ഷകര്‍ത്താക്കളുടെ /മുന്‍ തലമുറക്കാരുടെ പരിവര്‍ത്തനത്തിന്റെ തീയതി, മാസം, വര്‍ഷം     (സര്‍ക്കാര്‍ ഉത്തരവ്   16/83ഹരിജനക്ഷേമവകുപ്പ്  17-1-1983)
  നിയമാനുസൃതമല്ലാതെ ദത്തെടുക്കുന്ന കുട്ടികളുടെ ജാതി സ്ഥിതി
  (സര്‍ക്കുലര്‍ നമ്പര്‍ 11186/G1/98 dated 18-05-2000)
 
           ജന്‍മം നല്‍കിയ മാതാപിതാക്കളെ പറ്റി നിശ്ചയമില്ലാത്തതോ, ബാല്യത്തില്‍ അനാഥരാവുകയോ ചെയ്ത കുഞ്ഞുങ്ങളെ, ദത്തെടുക്കല്‍ നിയമപ്രകാരമല്ലാതെ സ്വേച്ഛയാ എടുത്തുവളര്‍ത്തുന്ന കേസുകളില്‍ വളര്‍ത്തുമാതാപിതാക്കള്‍ ഒരേ ജാതിക്കാരാണെങ്കില്‍ എടുത്തു വളര്‍ത്തുന്ന കുട്ടിക്ക് അവരുടെ ജാതി സിദ്ധിക്കുമെന്നും അല്ലെങ്കില്‍ അവരുടെ ജാതികളില്‍ ഏതു ജാതിയിലാണോ കുട്ടി വളര്‍ന്നുവരുന്നത് ആ ജാതി സിദ്ധിക്കുമെന്നും വളര്‍ത്തു മാതാപിതാക്കള്‍ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കില്‍ എടുത്തുവളര്‍ത്തിയ കുട്ടിക്ക് വളര്‍ത്തമ്മയുടെ ജാതി സിദ്ധിക്കും( സര്‍ക്കുലര്‍ നംമ്പര്‍ 11196/G1/HP.HB.BFB  dated 19-05-2000 ) എന്നും വരുന്നു.
മൊഴിയെടുക്കല്‍ - സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോഴും മറ്റും തീരുമാനം എടുക്കാന്‍ ചുമതലപ്പെട്ടയാളിന് ശരിയായ തീരുമാനം എടുക്കാനും ശരിയായ രീതിയില്‍ വെളിച്ചം വീശാനുമായിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്.  മൈനര്‍, അണ്‍സൗണ്ട്മൈന്‍റ് എന്നിവരുടെ മൊഴി എടുക്കാന്‍ പാടില്ലാത്തതാണ്.  സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താവുന്നതാണ്.  സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താതിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ ലംഘനമാണ്.
   

മുസ്ലീം സമുദായത്തിലെ റാവുത്തര്‍ വിഭാഗം 1958 ലെ കെ.എസ് എസ്.എസ് ആര്‍ പാര്‍ട്ട് 1 ലെ ലിസ്റ്റ് 3 ലെ ഇനം 48 ലെ മുസ്ലീം എന്നതില്‍ (സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍) ഉള്‍പ്പെടുന്നുവെന്നും കേന്ദ്ര ഒ.ബി.സി ലിസ്റ്റിലെ ഇനം നമ്പര്‍ 39 എ ല്‍ മറ്റ് മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റാവുത്തര്‍ വിഭാഗത്തിന് കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. .. (കൈ). നം. 16/2014/പി..വി.വ തീയ്യതി 08/08/2014.