വരുമാനം

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍/ ഗ്രാമ വികസന വകുപ്പ്/ശിശുക്ഷേമ വകുപ്പ് എന്നീ വകുപ്പുകളിലേക്ക് നല്‍കുന്ന വരുമാന നിര്‍ണ്ണയ സാക്ഷ്യപത്രം അപേക്ഷകര്‍ക്ക് നേരിട്ട് നല്‍കേണ്ടതില്ല. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലേക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഫീല്‍ഡ് ലവല്‍ സ്റ്റാഫ് ടി വകുപ്പുകള്‍ക്കുണ്ട്. എന്നാല്‍ ഏതെങ്കിലും ഗുണഭോക്താവിന്റെ / വ്യക്തിയുടെ കുടുംബ വാര്‍ഷിക വരുമാനം സാക്ഷ്യപ്പെടുത്തണമെന്ന് ഉത്തരവാദിത്വപ്പെട്ട അധികാരി ആവശ്യപ്പെടുന്ന പക്ഷം വരുമാനം നിര്‍ണ്ണയം നടത്തി സാക്ഷ്യപ്പെടുത്തേണ്ടതാണ്. തൊഴില്‍ രഹിത വേതനം/സ്വയംതൊഴില്‍ പദ്ധതി എന്നിവയില്‍ അപ്പീല്‍ അപേക്ഷയിന്‍മേല്‍ തഹസില്‍ദാര്‍ വരുമാനം നിര്‍ണ്ണയം നടത്തി സാക്ഷ്യപ്പെടുത്തേണ്ടതാണ്. സ്വകാര്യ സ്ഥാപനങ്ങളിലേക്കും, വാണിജ്യ ബാങ്കുകളിലേക്കും കുടുംബവരുമാനം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതില്ല. (റവന്യ ഗൈഡ് 2013 പേജ് 138). വിദ്യാഭ്യാസ ആവശ്യത്തിനുള്ള ലോണിന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികാരി വില്ലേജ് ഓഫീസറാണ്. (GO(MS)46/10/LPG dated 20-09-2010)


നിശ്ചിത ഫോറത്തില്‍ 5 രൂപ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച് അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വരുമാന നിര്‍ണ്ണയത്തിനായി റേഷന്‍കാര്‍ഡ്, കൈവശഭൂമിയുടെ പ്രമാണം, നികുതി അടച്ച രശീതി, ശമ്പള സര്‍ട്ടിഫിക്കറ്റ്, മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ രേഖകള്‍ എന്നിവ ഹാജരാക്കണം.

വരുമാന നിര്‍ണ്ണയം അപേക്ഷാതീയ്യതിക്ക് പിന്നോട്ടുള്ള ഒരുവര്‍ഷത്തേക്കാണ് നടത്തേണ്ടത്. നികുതി ദായക രേഖകള്‍ വച്ചാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കാക്കണം. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് അപേക്ഷാ തീയ്യതിക്ക് തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി വരുമാനം സാക്ഷ്യപ്പെടുത്തേണ്ടതാണ്. (സര്‍ക്കാര്‍ ഉത്തരവ് (കൈയ്യെഴുത്ത്) 304/2006 തീയ്യതി 28/10/2006)


എങ്ങിനെ ഒരാളുടെ വരുമാനം കണക്കാക്കാനാകും? വരുമാനം എന്നുപറഞ്ഞാല്‍ ചിലവ് കഴിച്ചുള്ള സമ്പാദിക്കുന്ന തുകയല്ല. ഒരാള്‍ക്ക് കൂലി ഇനത്തില്‍ കഴിഞ്ഞ വര്‍ഷം എത്രതുക ലഭിച്ചു എന്നതാണ് കണക്കാക്കുക. ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന ഒരാള്‍ക്ക് 100 ദിവസം പണികിട്ടിയെങ്കില്‍ അയാളുടെ വരുമാനം 16400 രൂപയാണ് (പ്രതിദിനം 164 രൂപ വച്ച്) ഇതില്‍നിന്നു ടിയാന്‍‌ ആഹാരത്തിന് ചിലവാക്കിയതോ, മരുന്ന് വാങ്ങിയ തുടകയോ ഒന്നും തന്നെ കുറയ്ക്കുന്നതല്ല. ഇപ്രകാരം ഒരു കുടുംബത്തിന്റെ മൊത്തം വരുമാനമാണ് കണക്കാക്കുക. കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഭാര്യ, ഭര്‍ത്താവ്, അവിവാഹതനായ മക്കള്‍, അവിവാഹിതരായ സഹോദരീ സഹോദന്‍‌മാര്‍ എന്നവര്‍ ഉള്‍പ്പെടുന്നു.


ഏതല്ലാം കേസുകളില്‍ വരുമാനം കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കാം

  • വിധവകളായ പുത്രിമാര്‍/ സഹോദരിമാരുടെ വരുമാനം ഒഴിവാക്കാവുന്നതാണ്

  • സേവനം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

  • ലീവ് സറണ്ടര്‍ ശമ്പളം കണക്കാക്കുന്നതല്ല

  • ഉത്സവബത്ത കണക്കാക്കുന്നതല്ല

  • കുടംബ പെന്‍ഷന്‍ കണക്കാക്കുന്നതല്ല.


ശമ്പളത്തില്‍ നിന്നുള്ള വരുമാനം

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെല്ലാത്ത ആവശ്യങ്ങള്‍ക്ക് വരുമാനം കണക്കാക്കുന്ന വിധം


ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ് ഒഴികെയുള്ള ശമ്പളയിനത്തിലുള്ള വരുമാനം. സ്പെഷല്‍ പേ, ഡെപ്യൂട്ടേഷന്‍ പേ/ബത്ത മുതലായവ മൊത്തവരുമാനം നിര്‍ണ്ണയിക്കാന്‍ കണക്കാക്കുന്നതാണ്. ക്ഷാമബത്തയുടെ ഒരു ഭാഗം ശമ്പളത്തോടുകൂടി ലയിപ്പിച്ചിട്ടുള്ള പക്ഷം , ബന്ധപ്പെട്ട അപേക്ഷകന്‍ ഒരു സത്യപ്രസ്ഥാവന ഫയല്‍ ചെയ്യുന്നതായിരിക്കും. യാത്രാബത്ത, സ്ഥിരം യാത്രാബത്ത, പ്രത്യേക ജോലിക്കുള്ള ഓണറേറിയം മുതലായവ ശമ്പളത്തിലുള്ള വരുമാനം കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും. ശമ്പള ഇനത്തിലുള്ള വരുമാനം കണക്കാക്കുന്നത് തക്ക അധികാര സ്ഥാപനം നല്‍കുന്ന ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.


വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുവേണ്ടി വരുമാനം കണക്കാക്കുന്ന വിധം


+2/ ഡിഗ്രി കോഴുസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യത്തിനായി കുടുംബ വരുമാനം നിശ്ചയിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ക്ഷാമ ബത്ത/HRA എന്നിവ ഒഴിവാക്കാവുന്നതാണ്.


എന്നാല്‍‌ പ്രൊഫഷണല്‍ കോളേജ്/സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ബിരുദാനന്തര ബിരുദ കോഴ്സുകള്‍/പോളിടെക്നിക്കുകളുടെ ഡിപ്ലോമാ കോഴ്സുകള്‍ / ആര്‍ട് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദാന്തര കോഴ്സുകള്‍ മുതലായവകളില്‍ സീറ്റ് റിസര്‍വേഷനും, ഫീസ് ആനുകൂല്യത്തിനും വേണ്ടി വരുമാനം കണക്കാക്കുമ്പോള്‍ ക്ഷാമബത്തയും ,വീട്ടുവാടക അലവന്‍സും കൂട്ടുന്നതാണ്. (കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്  GO (MS) 270/86/H edu dt 21/10/86, GO(P) 29/2002/RD dt 26/02/2002, circular No. 47223/D2/85/RD dt 19/10/88) എന്നാ‌ല്‍ പ്രവേശനത്തിനുള്ള വരുമാന പരിധി 2.50 ലക്ഷം രൂപയാണ്.(GO(P) 30/2002/SC/ST/DD dt 05/06/2002)


പെന്‍ഷനില്‍ നിന്നുള്ള വരുമാനം

കമ്മ്യൂട്ടേഷന്‍ തുക, ക്ഷാമബത്ത എന്നിവ കഴിച്ചുള്ള തുക വരുമാന സര്‍ട്ടിഫിക്കറ്റിനുവേണ്ടി കണക്കാക്കുന്നതായിരിക്കും. പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണ്ണയിക്കുന്നതായിരിക്കും. (GO(P) 229/84/Hed/ dt 31/8/1984, No.31616/D2/85/RD)


വ്യാപാരത്തില്‍ നിന്നുള്ള വരുമാനം

വ്യാപാരത്തില്‍നിന്നുള്ള വരുമാനം അറ്റാദായം തിട്ടപ്പെടുത്തി സാക്ഷ്യപ്പെടുത്തേണ്ടതാണ്. (Gross income- Gross expenditure= Net Income (GO (MS)307/92/RD dt 17/06/1992) ആദായ നികുതിയടക്കുന്നവര്‍ക്ക് നികുതി നിര്‍ണ്ണയ രേഖകളുടെ അടിസ്ഥാനത്തില്‍ലും മറ്റുള്ളവര്‍ക്ക് വരുമാനം സംബന്ധിച്ച സത്യപ്രസ്ഥാവനയും മാനദണ്ഡമാക്കി അന്വേഷണത്തിന് വിധേയമായി വരുമാനം നിശ്ചയിക്കാവുന്നതാണ്.

വിദേശത്ത് ജോലിയുള്ള /വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം


വിദേശത്ത് ജോലിയുള്ള ആളുകളുടെ സംഗതിയില്‍ അപേക്ഷകന്‍/ വിദ്യാര്‍ത്ഥികളുടെ സംഗതിയില്‍ മാതാപിതാക്കള്‍/ രക്ഷാകര്‍ത്താവ് ഫയല്‍ ചെയ്യുന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലും അന്വേഷണത്തിന് വിധേയമായി വരുമാനം നിര്‍ണ്ണയിക്കേണ്ടതാണ്.

വസ്തുവഹകളില്‍ നിന്നുള്ള വരുമാനം

വസ്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ നാളികേരം, നെല്ല്, റബ്ബര്‍, തേയില തുടങ്ങിയ ഉല്‍പന്നങ്ങളില്‍ നിന്നുള്ള ആദായം തിട്ടപ്പെടുത്തി കണക്കാക്കാവുന്നതാണ്. ഭൂമിയിലെ ദേഹണ്ഡങ്ങളുടെ മൂല്യം, പൊന്നുംവിലയ്ക്കെടുക്കേണ്ട ആവശ്യത്തിലേക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നതായിരിക്കും.

വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം

ഈ ഇനത്തിലുള്ള വരുമാനം വാര്‍ഷിക അറ്റകുറ്റപണിക്കുള്ള ചെലവ് കുറച്ചതിനുശേഷം കണക്കാക്കാവുന്നതാണ്.

സമാശ്വാസ തൊഴില്‍ദാന പദ്ധതിയ്ക്കുള്ള വരുമാനം

സമാശ്വാസ തൊഴില്‍ദാന പദ്ധതിക്കായ് വരുമാനം നിര്‍ണ്ണയിക്കുമ്പോള്‍ യാത്രാപ്പടി ഒഴികെയുള്ള എല്ലാ ബത്തകളും ചേര്‍ത്ത് വരുമാനം തിട്ടപ്പെടുത്തണം. ( GO(MS)342/98/RD dt 28/8/99)

 

 

സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പ്രധാന ഉത്തരവുകള്‍- വരുമാനം


2014-15 അദ്ധ്യയന വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീറിംഗ് തുടങ്ങിയ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള എസ്..ബി.സി സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് പിന്നോക്ക സമുദായ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. .(എം.എസ്.)03/2014/പിസവിവ. തീയ്യതി 09.01.2014


പോസ്റ്റ് ഗ്രാജ്വേറ്റ്/പ്രൊഫഷണല്‍ / പോളിടെക്നിക് കോഴ്സുകളില്‍ പഠനം നടത്തുന്ന എസ്..ബി.സി, മറ്റു സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി.സി.ആര്‍. വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ജി..(എം.എസ്.6/2014 പി..വി() വകുപ്പ് തീയ്യതി 21-2-14


പോസ്റ്റ് ഗ്രാജ്വേറ്റ്/പ്രൊഫഷണല്‍ / പോളിടെക്നിക് / ഹയര്‍ സെക്കന്ററി ബിരുദ കോഴ്സുകളില്‍ പഠനം നടത്തുന്ന എസ്..ബി.സി, മറ്റു സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി.സി.ആര്‍. വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമായിരിക്കും സ.(കൈ) 15/2014 പി..വി () വകുപ്പ് തീയ്യതി -0-08-14


മെഡിക്കല്‍ / എന്‍ജിനീറിംഗ് കോഴ്സ് പ്രവേശനത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ജീവനക്കാരുടെ ടെര്‍മിനല്‍ സറണ്ടര്‍, ഡി.സി.ആര്‍.ജി സേവനത്തിന് പ്രതിഫലമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവ വരുമാനം കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. .(കൈ)നം. 199/2011/RD dated 27-06-2011