സര്‍ക്കാര്‍ ഭൂമി സംരക്ഷണം

സര്‍ക്കാര്‍‌ ഭൂമിയിലെ അനധികൃത കൈയ്യേറ്റം

സര്‍ക്കാര്‍‌ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ തടയേണ്ടതും അഥവാ കയ്യേറിയിട്ടുണ്ടെങ്കില്‍ അവ ഒഴിപ്പിക്കുന്നതിന് ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെടുത്ത് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

വിവിധ തരത്തിലുള്ള കൈയ്യേറ്റങ്ങള്‍

  1. അനുമതി കൂടാതെ സര്‍ക്കാര്‍ വക ഭൂമിയില്‍ ഏതെങ്കിലും മതിലോ, വേലിയോ,കെട്ടിടമോ നിര്‍മ്മിക്കുകയോ സ്ഥിരമായോ, താല്‍ക്കാലികമായോ മറ്റേതെങ്കിലും നിര്‍മ്മാണപ്രവര‍ത്തനം നടത്തുകയോ ചെയ്യുക.

  2. നിയമവിധേയമല്ലാതെ സര്‍ക്കാര്‍ ഭൂമിയുടെ ഉപരിഭാഗത്തേക്ക് തള്ളിനില്‍ക്കുന്നതോ തൂങ്ങിക്കിടക്കുന്നതോ ആയവിധത്തില്‍ മതിലോ,വേലിയോ, കെട്ടിടമോ നിര്‍മ്മിക്കുകയോ സ്ഥിരമായോ, താല്‍ക്കാലികമായോ മറ്റേതെങ്കിലും നിര്‍മ്മാണപ്രവര‍ത്തനം നടത്തുകയോ ചെയ്യുക.

  3. സര്‍ക്കാരില്‍നിന്നോ അധികാരമുള്ള ഉദ്യോഗസ്ഥനില്‍നിന്നോ ലഭിച്ച അനുമതിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമല്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍നിന്നും മണ്ണ്, മണല്‍, ചല്ലി, ചരല്‍, കരിങ്കല്ല്, വെട്ടുകല്ല്, കക്ക തുടങ്ങിയ വിലപിടിപ്പുള്ളവ കടത്തുക

  4. സര്‍ക്കാര്‍ വക വൃക്ഷങ്ങള്‍ നശിപ്പിക്കുകയോ, നിയമവിരുദ്ധമായി സ്വന്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുക.

  5. സര്‍ക്കാര്‍ വക ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ച് താമസം ഉറപ്പിക്കുക

    ഏതെങ്കിലും അനധികൃത കയ്യേറ്റം ശ്രദ്ധയില്‍പെട്ടാല്‍ ഭൂസംരക്ഷണ ചട്ടങ്ങളിലെ 4(ii) ചട്ടപ്രകാരം എ ഫോറത്തി ലുള്ള റിപ്പോര്‍ട്ട്, അനധികൃതമായി പ്രവേശിച്ച സ്ഥലത്തിന്റെ സ്കെച്ചും മഹസ്സറും സഹിതം വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

    സര്‍ക്കാര്‍ ഭൂമിയില്‍നിന്നും ആരെങ്കിലും വൃക്ഷങ്ങള്‍ മുറിച്ചതോ, വിറക്, മണ്ണ്, മണല്‍ , ചല്ലി,ചരല്‍ ,കരിങ്കല്ല്, വെട്ടുകല്ല് , തുടങ്ങി ഏതെങ്കിലും കടത്തിക്കൊണ്ട് പോകുന്നതായി കണ്ടാല്‍ അവ പിടിച്ചെടുക്കേണ്ടതും വിറ്റ് ഖജനാവിലേക്ക് മുതല്‍ കൂട്ടുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് AA ഫോറത്തില്‍ റിപ്പോര്‍ട്ടയക്കേണ്ടതാണ്. AA ഫോറത്തിനോടൊപ്പം പിടിച്ചെടുത്ത സാധനങ്ങളുടെ വിശദമായ മഹസ്സറും ബി.റ്റി.ആര്‍ പകര്‍പ്പും കൂടെ ഉള്ളടക്കം ചെയ്തിരിക്കണം. തഹസില്‍ദാര്‍ വില്‍പന നടത്തുന്നതുവരെ ടി സാധനങ്ങള്‍ നഷ്ടം വരാതെ സൂക്ഷിക്കുന്നത് വിശ്വസ്തനായ ഒരാള്‍ പക്കം മൂന്നാം സ്ഥാനം ഏല്‍പിക്കേണ്ടതാണ്.

    വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാരന്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ തഹസില്‍ദാര്‍ക്ക് ഭൂസംരക്ഷണ നിയമത്തിലെ 6,7,8,9,10,& 11 വകുപ്പുകള്‍ പ്രകാരം താഴെ പറയുന്ന ഒന്നോ അതിലധികമോ ശിക്ഷകള്‍ നല്‍‌കാവുന്നതാണ്. 1. പിഴ, 2) നികുതി/നിരോധനകരം, 3) നഷ്ടപരിഹാരം 4) വിളകണ്ടുകെട്ടല്‍ 5) ഒഴിപ്പിക്കല്‍

    ഒഴിപ്പിക്കല്‍ നടപടി അനുസരിക്കാതിരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍

    വകുപ്പ് 11(1) പ്രകാരമുള്ള ഉത്തരവനുസരിച്ചുള്ള ഒഴിപ്പിക്കല്‍ നടപടിയെ തടസ്സപ്പെടുത്തുകയോ, ടി ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ ഇക്കാര്യത്തെ സംബന്ധിച്ച് തഹസില്‍ദാര്‍ ഒരു 'Summary Enquiry' നടത്തേണ്ടതൂം അപ്രകാരം അന്വേഷണം നടത്തുമ്പോള്‍ ഒഴിപ്പിക്കലിന് തടസ്സം നില്‍ക്കുന്നുയെന്ന് ബോധ്യപ്പെട്ടാല്‍ ടി തടസ്സക്കാരനെ അറസ്റ്റുചെയ്ത് മുമ്പാകെ ഹാജരാക്കുന്നതിന് ഡി ഫോറത്തിലുള്ള ഒരു വാറണ്ട് പുറപ്പെടുവിക്കേണ്ടതാണ്. അപ്രകാരം വാറണ്ടനുസരിച്ച് അറസ്റ്റ്ചെയ്ത് ഹാജരാക്കുമ്പോള്‍ തഹസില്‍ദാര്‍ ഒരു 'Summary Enquiry' കൂടി നടത്തി തടസ്സം ഉണ്ടാക്കാതിരിക്കുന്നതിനുവേണ്ടി 30 ദിവസം അധികരിക്കാത്ത കാലത്തേക്ക് ടിയാനെ സിവില്‍ ജയിലിലേക്ക് അയക്കേണ്ടതാണ്. [ S.11(2) & R 12].

    11(2) വകുപ്പില്‍ പറയുന്ന നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ഒഴിപ്പിക്കല്‍

    അനധികൃതമായി കയ്യേറിയ ഭൂമി അടിയന്തിരമായി ഒഴിപ്പിക്കേണ്ടതാണന്ന് തഹസില്‍ദാര്‍ക്ക് ഉത്തമ വിശ്വാസം വന്നാല്‍ 11(2) വകുപ്പില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ ഒഴിപ്പിച്ചെടുത്കാവുന്നതാണ്. പൊതു താല്‍പര്യത്തിന് ഈ സ്ഥലം അടിയന്തിരമായി ഒഴിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച കാരണങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം കയ്യേറ്റക്കാരന് നോട്ടീസ് (CC ഫോറം ) നല്‍കേണ്ടതുമാണ്. ടി നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിട്ടൊഴിഞ്ഞ് പോയില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടതാണ്.


വില്ലേജ് ഓഫീസില്‍ നിന്നും ഭൂമി സംബന്ധമായ റിപ്പോര്‍ട്ടു നല്‍കുമ്പോള്‍ ഏക്കര്‍, സെന്‍റ് ,അടി തുടങ്ങിയ നോണ്‍മെട്രിക് അളവുകള്‍ ഉപയോഗിക്കരുത്. ഹെക്ടര്‍, ആര്‍ ച.മീ. മുതലായ മെട്രിക് അളവുകള്‍ മാത്രമേ ഉപയോഗിക്കാവൂ.