ഭൂമി പതിവ്

കേരളാ ഗവണ്‍മെന്‍റ് ഭൂമി പതിവ് നിയമം 1960 എന്ന നിയമത്തെ അധികരിച്ചുണ്ടായ വിവധ ചട്ടങ്ങളനുസരിച്ചാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത്.  പഞ്ചായത്ത് മേഖലയില്‍ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1964 അനുസരിച്ചും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ ഭൂമി പതിവ് ചട്ടങ്ങള്‍ 1995 അനുസരിച്ചുമാണ് പൊതുവില്‍ പതിവ് നടപടികള്‍ എടുക്കുന്നത്.  എന്നാല്‍ ഈ ചട്ടങ്ങള്‍ കൂടാതെ കൃഷിയുക്ത വനഭൂമി പതിച്ച് നല്‍കല്‍ ,01-01-1977 ന് മുമ്പ് കൈവശമുള്ള വനഭൂമി പതിച്ച് നല്‍കല്‍ ,  വ്യാവസായിക ആവശ്യം , കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസം, റബ്ബര്‍ പ്ലാന്റേഷന്‍, വയനാട് കോലനൈസേഷന്‍ സ്കീം, ഏലം, തേയില, കോഫി എന്നീ കൃഷിക്കുവേണ്ടി ലീസിന്//പതിവിന് തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ഭൂമിപതിവ് ചട്ടങ്ങളുണ്ട്. 

പഞ്ചായത്ത് പ്രദേശത്തെ ഭൂമി പതിവ് (കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1964)

ഈ ചട്ടങ്ങള്‍ പ്രകാരം, വ്യക്തികള്‍ക്കോ, കുടുംബങ്ങള്‍ക്കോ, കൃഷി, ഭവന നിര്‍മ്മാണം , അയല്‍ വസ്തുവിന്റെ ഗുണകരമായ അനുഭവം (Benificial enjoyment) എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാവുന്നതാണ്. പതിച്ചുനല്‍കാവുന്ന പരമാവധി പരിധി സമതലപ്രദേശത്ത് 50 സെന്റും മലയോര പ്രദേശത്ത് 1 ഏക്കറും, ഭവന നിര്‍മ്മാണത്തിനും ഗുണകരമായ അനുഭവത്തിനും 15 സെന്റുംമാണ്.  പതിച്ചു നല്‍കുന്നതിനായി നീക്കിവെയ്ക്കേണ്ട ഭൂമിയുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി താലൂക്ക് ലാന്റ് അസൈമെന്റ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കണം.  കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ജില്ലാ കലക്ടറാണ് ലിസ്റ്റിന്  അംഗീകാരം നല്‍കേണ്ടത്.  അംഗീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും , വില്ലേജ് ഓഫീസിലും സൂക്ഷിക്കേണ്ടതാണ്.  പതിവ് ഭൂമിയുടെ 25 % പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, 10% വിമുക്ത ഭടന്‍മാര്‍ക്കും വേണ്ടി നീക്കിവെയ്ക്കണം. ബാക്കിയുള്ള ഭൂമി ചട്ടം 7 ല്‍ നിഷ്കര്‍ഷിക്കും പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാ ക്രമത്തില്‍ പതിച്ച് നല്‍കാവുന്നതാണ്.  സര്‍ക്കാര്‍ ആവശ്യത്തിനും, പൊതു ആവശ്യത്തിനും വേണ്ടിവരുന്ന ഭൂമി പതിച്ച് നല്‍കാന്‍ പാടുളളതല്ല.  വിവാഹിതരെ സംബന്ധിച്ചിടത്തോളം ഭാര്യഭര്‍ത്താക്കന്‍മാരുടെ പേരിലാണ് പട്ടയം അനുവദിക്കുന്നത്. 

പതിച്ചുകിട്ടുന്ന ഭൂമി പാരമ്പര്യവിധേയമാണ്.  ഇത് 25 വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല.  അതേപോലെ ഏത് ആവശ്യത്തിനാണോ അത് പതിച്ചുകിട്ടിയത് , ഒരുവര്‍ഷത്തിനകം പ്രസ്തുത ആവശ്യത്തിന് വിനിയോഗിച്ചിരിക്കണം.  എന്നാല്‍ കാര്‍ഷികാവശ്യത്തിനും, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരമുള്ള  ഭവന നിര്‍മ്മാണത്തിനുവേണ്ടിയുളള വായ്പകള്‍ക്ക് പതിച്ചു കിട്ടിയ ഭൂമി പണയപ്പെടുത്താവുന്നതാണ്.  (GO(P) 49/2009/RD dt 24/01/2009) പതിച്ചുനല്‍കേണ്ട അധികാരം 

വ്യക്തിക്ക് /കുടുംബത്തിന് കൃഷിക്കും ഭവന നിര്‍മ്മാണത്തിനും                 -    തഹസില്‍ദാര്‍,

ഗുണകരമായ വിനിയോഗത്തിന്                                                        -   ആര്‍.ഡി.ഒ

മുനിസിപ്പല്‍- കോര്‍പ്പറേഷന്‍  പ്രദേശത്തെ ഭൂമി പതിവ് (കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1995)

ഈ ചട്ടങ്ങള്‍ പ്രകാരം,  ഭവന നിര്‍മ്മാണം , ഷോപ്പുകള്‍ക്കുവേണ്ടിയോ,മറ്റ് വ്യാവസായിക ആവശ്യത്തിനോ ധര്‍മ്മാവശ്യങ്ങള്‍ക്കോ, അയല്‍ വസ്തുവിന്റെ ഗുണകരമായ അനുഭവം (Benificial enjoyment) എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാവുന്നതാണ്. പതിച്ചുനല്‍കാവുന്ന പരമാവധി പരിധി മുനിസിപ്പല്‍ പ്രദേശത്ത് 10  സെന്റും കോര്‍പ്പറേഷന്‍ പ്രദേശത്ത് 5 സെന്റും ഭവന നിര്‍മ്മാണത്തിന് 24000 രുപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്ക് സൗജന്യ നിരക്കിലും 24000മുതല്‍ 50000 വരുമാനമുള്ളവര്‍ക്ക് കമ്പോളവിലയുടെ അഞ്ചിലൊന്നും., 50000ന് മുകളില്‍ കമ്പോളവിലയും ഈടാക്കണം. പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചുഅനുഭവിച്ചുവരുന്നവരില്‍നിന്നും കമ്പോള വില ഈടാക്കണം.  

പതിച്ചു നല്‍കുന്നതിനായി നീക്കിവെയ്ക്കേണ്ട ഭൂമിയുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍  ലാന്റ് അസൈമെന്റ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കണം.  കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ജില്ലാ കലക്ടറാണ് ലിസ്റ്റിന്  അംഗീകാരം നല്‍കേണ്ടത്.  അംഗീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും , വില്ലേജ് ഓഫീസിലും സൂക്ഷിക്കേണ്ടതാണ്.  പതിവ് ഭൂമിയുടെ 25 % പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും,  ബാക്കിയുള്ള ഭൂമി ചട്ടം 7 ല്‍ നിഷ്കര്‍ഷിക്കും പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാ ക്രമത്തില്‍ പതിച്ച് നല്‍കാവുന്നതാണ്.  സര്‍ക്കാര്‍ ആവശ്യത്തിനും, പൊതു ആവശ്യത്തിനും വേണ്ടിവരുന്ന ഭൂമി പതിച്ച് നല്‍കാന്‍ പാടുളളതല്ല.  വിവാഹിതരെ സംബന്ധിച്ചിടത്തോളം ഭാര്യഭര്‍ത്താക്കന്‍മാരുടെ പേരിലാണ് പട്ടയം അനുവദിക്കുന്നത്. 

പതിച്ചുകിട്ടുന്ന ഭൂമി പാരമ്പര്യവിധേയമാണ്.  ഇത് 12 വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല.  അതേപോലെ ഏത് ആവശ്യത്തിനാണോ അത് പതിച്ചുകിട്ടിയത് , ഒരുവര്‍ഷത്തിനകം പ്രസ്തുത ആവശ്യത്തിന് വിനിയോഗിച്ചിരിക്കണം. ജില്ലാ കലക്ടറാണ് പതിച്ചു നല്‍കേണ്ട അധികാരി എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണ്.അപേക്ഷാ ഫോറം (3 കോപ്പി)