പോക്കുവരവ്

ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി , ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി, വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത്. 1966 ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ്. ജമമാറ്റം നടക്കുന്നത്. വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത്. ജമ മാറ്റം ആവശ്യമായിവരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്

  1. സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം

  2. നിര്‍ബന്ധിത കൈമാറ്റം (കോടതി ഉത്തരവ്, റവന്യു ലേലം)

  3. പിന്‍തുടര്‍ച്ചാവകാശം

    സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത കേസുകളില്‍ പോക്കുവരവ് കേസ് അനുവദിക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.

    സബ്ഡിവിഷന്‍ ആവശ്യമായ ഫയലുകളില്‍ വില്ലേജ് അസിസ്റ്റന്‍റ് എ ഫോറം തയ്യാറാക്കി വില്ലേജ് ഓഫീസറുടെ അനുമതിയോടെ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അഡീ.തഹസില്‍ദാരാണ് പോക്കുവരവ് ഉത്തരവാക്കേണ്ടത്.


സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം

സ്ഥാവര വസ്തുക്കളിലുള്ള ഉടമാവകാശം സ്ഥിരമായും, നിരാക്ഷേപമായും കൈമാറ്റം ചെയ്യുന്ന (ഉദാ. വില്‍പന, ഇഷ്ടദാനം, ഭാഗംവെയ്പ് എന്നിവ) കേസ്സുകളില്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ജമമാറ്റം അനുവദിക്കാവുന്നതാണ്.


നിര്‍ബന്ധിത കൈമാറ്റം

കോടതി വിധി അനുസരിച്ച് വിധി ഉടമയ്ക്കോ, റവന്യു ലേലം അനുസരിച്ച് ലേലക്കാരനോ ഭൂമിയുടെ അവകാശം കൈമാറ്റം ചെയ്യാവുന്നതാണ്.


പിന്‍തുടര്‍ച്ചാവകാശ കൈമാറ്റം

    ഒരു പട്ടാദാര്‍ മരണമടഞ്ഞാല്‍ , അയാളുടെ അനന്തരാവകാശികളുടെ പേര് വിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അവകാശതര്‍ക്കമുള്ള പക്ഷം ചട്ടം 27 പ്രകാരം അവകാശ വിചാരണ നടത്തി തീരുമാനം എടുത്തശേഷം, അതിന്‍പ്രകാരം ജമമാറ്റം നടത്തേണ്ടതാണ്.


ഒരു പട്ടാദാരെ 7 കൊല്ലത്തിലധികം കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അയാള്‍ മരിച്ചതായി സങ്കല്‍പിച്ച് അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം (27(2) അനുശാസിക്കുന്നു.

പോക്കുവരവിന് ആസ്പദമായ വസ്തുവിന്റെ സര്‍വെ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം പട്ടദാരുടെ പേര്, നമ്പര്‍, കരണത്തിന്റെ സ്വഭാവം എന്നീവിവരങ്ങളും, ആരുടെ പേരിലാണ് പട്ടയമാറ്റം അപേക്ഷിച്ചരിക്കുന്നതെന്നും, എ ഫോറത്തില്‍ വ്യക്തമായി രേഖപ്പെടുത്തണം. പോക്കുവരവ് കേസിലെ വസ്തു ആരുടെയെങ്കിലും പേരില്‍ സൗജന്യ വ്യവസ്ഥായില്‍ പതിച്ചുകൊടുത്തിട്ടുള്ളതാണോയെന്നും, വസ്തു പോക്കുവരവ് അനുവദിച്ചിട്ടില്ലാത്ത ഇനത്തില്‍ പെട്ടതാണോ എന്നും സാക്ഷ്യപ്പെടുത്തിയിരിക്കണം (ചട്ടം 7)


പോക്കുവരവിന് ആസ്പദമായ വസ്തുവിന് സബ്ഡിവിഷന്‍ ആവശ്യമുള്ള പക്ഷം , വിവരം എ ഫോറത്തിലെ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതും, ഭൂമിയില്‍ വസ്തുവിന്റെ കിടപ്പും, വിസ്തീര്‍ണ്ണവും കാണിക്കുന്ന പ്ലോട്ടഡ് സ്കെച്ചും തയ്യാറാക്കണം. ഇതിലേക്കായ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി സബ്ഡിവിഷന്റെ അതിരുകള്‍ അളന്ന് വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തണം. സ്കെച്ച് വില്ലേജ് അസിസ്റ്റന്റാണ് തയ്യാറക്കേണ്ടത്. സബ്ഡിവിഷന്‍ ഉള്‍പ്പെട്ട പോക്കുവരവ് കേസുകള്‍ താലൂക്കാഫീസിലാണ് അനുവദിക്കേണ്ടത്.

ജമമാറ്റത്തിന് ആധാരമായ വസ്തു മുന്‍ പ്രമാണ പ്രകാരം വസ്തു ഉടമയോ അദ്ദേഹത്തിന്റെ മുന്‍ഗാമിയോ പ്രസ്തുത വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോഎ​ന്ന് പരിശോധിച്ചിരിക്കണം. മാത്രമല്ല യാതൊരു വിധ ബാധ്യതകളോ, അന്യാദീനങ്ങളിലോ, അര്‍ത്ഥ ബാധ്യതകളിലോ, സര്‍ക്കാര്‍ ജപ്തി, ജാമ്യം തുടങ്ങിയവയിലോ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതും വിവരം എ ഫോറത്തല്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. (ചട്ടം 7(2)(ii)

പോക്കുവരവ് പുതുക്കിയ നിരക്ക് സര്‍ക്കാര്‍ ഉത്തരവ് 

5 ആര്‍‌ വരെ                                    25.00

5 ആറിന് മുകളില്‍ 20 ആര്‍വരെ                50.00

20 ആറിന് മുകളില്‍ 40 ആര്‍വരെ              100.00

40 ആറിന് മുകളില്‍ 2 ഹെക്ടര്‍ വരെ           200.00 

2 ഹെക്ടര്‍ ന് മുകളില്‍                           500.00